ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
ഭൂമിശാസ്ത്രവും ഭൂപടവും

തൃശ്ശൂര്‍ ജില്ലയില്‍ തൃശ്ശൂര്‍ താലൂക്കില്‍ ചേര്‍പ്പ് ബ്ലോക്കിലാണ് വല്ലച്ചിറ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഗ്രാമപഞ്ചായത്തിന്റെ വിസ്തൃതി 10.19 ചതുരശ്രകിലോമീറ്റര്‍ ആണ്.  പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ആവിണിശ്ശേരി ഗ്രാമപഞ്ചായത്ത്, തൃശ്ശൂര്‍  കോര്‍പ്പറേഷന്‍, കിഴക്ക് നെന്മണിക്കര, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകള്‍, തെക്ക് പൊറത്തിശ്ശേരി, ചേര്‍പ്പ്, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകള്‍, പടിഞ്ഞാറ് ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് എന്നിവയാണ്. 1940 ല്‍ ആറാട്ടുപുഴ പഞ്ചായത്തും പിന്നീട് വല്ലച്ചിറ പഞ്ചായത്തും രൂപീകൃതമായി. പാറയ്ക്കല്‍ വറീത് പ്രസിഡന്റായി സ്ഥാനമേറ്റു. 1953 ല്‍ നടന്ന ജനാധിപത്യക്രമത്തിലുള്ള തിരഞ്ഞെടുപ്പിലൂടെ മുല്ലപ്പിള്ളി ഗോവിന്ദന്‍കുട്ടി നായര്‍ പ്രസിഡന്റാവുകയും 1979 വരെ തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റായി തുടരുകയും ചെയ്തു. 1978 ല്‍ ഈ പഞ്ചായത്തിന്റെ ഭാഗമായിരുന്ന ആവിണിശ്ശേരി വില്ലേജിനെ വിഭജിച്ച് ആവിണിശ്ശേരി പഞ്ചായത്ത് രൂപീകരിച്ചു. 1979-1985 കെ.ഡബ്ള്യു. കേശവന്‍ ഇളയതു പ്രസിഡന്റായിരുന്നു. 1985-1988 വരെ ഉദ്യോഗസ്ഥ ഭരണമായിരുന്നു. 1988-1995 സി.എന്‍. മേനോന്‍ പ്രസിഡന്റായിരുന്നു. 1995-2000 പി.ചന്ദ്രന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 100 ശതമാനം സാക്ഷരതാ നിരക്ക് കൈവരിച്ച ഗ്രാമപഞ്ചായത്താണ് വല്ലച്ചിറ. ഭൂപ്രകൃതി അനുസരിച്ച് ഇടനാട് പ്രദേശമായ വല്ലച്ചിറയിലെ പ്രധാന കൃഷികള്‍ നെല്ല്, വാഴ, തെങ്ങ് എന്നിവയാണ്. മണലിപുഴ, കുരുമാലിപുഴ, കരുവന്നൂര്‍ പുഴ എന്നിവ ഈ പഞ്ചായത്തിലൂടെയാണ് ഒഴുകുന്നത്. വല്ലച്ചിറ തടാകം ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചാപ്പക്കായല്‍ കനാല്‍, വല്ലച്ചിറ നീര്‍ത്തടം, ചിറ്റേങ്കര കായല്‍ കനാല്‍, പെരുങ്കുളം ചാല്‍ എന്നീ കനാലുകള്‍  പഞ്ചായത്തിലെ പ്രധാന ജലസേചന മാര്‍ഗ്ഗങ്ങളാണ്. വല്ലച്ചിറ ഗ്രാമപഞ്ചായത്തിന്റെ സവിശേഷതയായ ആറാട്ടുപുഴ പൂരപ്പറമ്പ് വിനോദസഞ്ചാരികളുടെ മുഖ്യ ആകര്‍ഷണമാണ്. ഊരകം-പുതുക്കാട്, പുച്ചുണ്ണിപ്പാടം-ചാത്തക്കുടം എന്നിവ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളാണ്. പഞ്ചായത്തിന് തൊട്ടടുത്തുള്ള പ്രധാന ബസ് സ്റ്റാന്റ് തൃശ്ശൂരാണ്. പാലക്കടവ്, ശാസ്താംകടവ് എന്നീ പാലങ്ങള്‍  പഞ്ചായത്തിലെ ഗതാഗതസൌകര്യം നല്‍കുന്നു എന്നു  മാത്രമല്ല മറിച്ച് പഞ്ചായത്തിന്റെ തന്നെ വികസനത്തിന്റെ ഭാഗമാണ് ഈ   പാലങ്ങള്‍. വില്ലേജ് ഓഫീസ്-ആറാട്ടുപുഴ, വില്ലേജ് ഓഫീസ്-ചേര്‍പ്പ്, കെ.എസ്.ഇ.ബി ഓഫീസ്-ചേര്‍പ്പ്, വാട്ടര്‍ അതോറിറ്റി ഓഫീസ്-ചേര്‍പ്പ്, കൃഷിഭവന്‍-വല്ലച്ചിറ എന്നീ ഔദ്യോഗിക സ്ഥാപനങ്ങള്‍ പഞ്ചായത്ത് പരിധിയിലുണ്ട്. ചേര്‍പ്പിലാണ് പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. വല്ലച്ചിറയിലും, ആറാട്ടുപുഴയിലും ഓരോ തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചേര്‍പ്പിലാണ് ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത്. തൃശ്ശൂര്‍ ആകാശവാണി നിലയവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ആറാട്ടുപുഴ ശാസ്താക്ഷേത്രം, വല്ലച്ചിറ ഭഗവാന്‍, ഭഗവതി ക്ഷേത്രം, ചാത്തക്കുടം ശാസ്താക്ഷേത്രം തുടങ്ങി 13-ഓളം ക്ഷേത്രങ്ങള്‍ പഞ്ചായത്തിലുണ്ട്. സെന്റ് മേരീസ് ചര്‍ച്ച്-പല്ലിശ്ശേരി, സെന്റ് തോമസ് ചര്‍ച്ച് വല്ലാച്ചിറ, സെന്റ് ആന്റണീസ് ചര്‍ച്ച് വല്ലച്ചിറ കപ്പോള, വല്ലച്ചിറ വടക്കേ കപ്പോള എന്നിവ ക്രിസ്ത്യന്‍ ദേവാലയങ്ങളാണ.് ജുമാമസ്ജിദ് വെളിയത്തുപറമ്പ് കണ്ഠേശ്വരം ആണ് പഞ്ചായത്തിലെ മുസ്ലീം പള്ളി. ആറാട്ടുപുഴ പൂരം, വല്ലച്ചിറ കുംഭ ഭരണി, ചാത്തക്കുടം പൂരം, സെന്റ് മേരീസ് പള്ളി പെരുന്നാള്‍, സെന്റ് തോമസ് പള്ളി പെരുന്നാള്‍ എന്നിവ പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളാണ്. പ്രശസ്ത സാഹിത്യനിരുപകനായിരുന്ന എന്‍.വി.കൃഷ്ണവാര്യര്‍, ചിത്രകലാവിദഗ്ദ്ധനായിരുന്ന ശങ്കരവാര്യര്‍, വൈദ്യചികിത്സയില്‍ പ്രശസ്തരായിരുന്ന ഈച്ചരത്ത് വൈദ്യര്‍, നാരായണന്‍ വൈദ്യര്‍, അക്ഷരശ്ലോക വിദഗ്ദ്ധനായിരുന്ന ആലേക്കാട്ട് ചൊവ്വൂര്‍ മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരി, സ്വാതന്ത്ര്യസമരസേനാനിയായിരുന്ന എം.എന്‍.നായര്‍, മിഴാവു വിദഗ്ദ്ധനായിരുന്ന കൃഷ്ണന്‍ നമ്പ്യാര്‍, കൊമ്പ് വിദഗ്ദ്ധനായിരുന്ന രാമന്‍കുട്ടി, ആര്‍ച്ച് ബിഷപ്പ് റാഫേല്‍ ചീനാത്ത്, പാഠക വിദഗ്ദ്ധനായിരുന്ന പി.കെ.എന്‍.നമ്പ്യാര്‍, പാചക വിദഗ്ദ്ധനായിരുന്ന കല്ലിങ്ങാട്ട് കുഞ്ഞന്‍ നമ്പൂതിരി, നോവലിസ്റ്റായിരുന്ന വല്ലച്ചിറ മാധവന്‍ എന്നിവര്‍ പഞ്ചായത്തിലെ മണ്‍മറഞ്ഞുപോയ പ്രമുഖ വ്യക്തികളാണ്. സംഗീത സംവിധായകനായ വിദ്യാധരന്‍, സിനിമാസംവിധായകനായ പ്രിയനന്ദനന്‍, നങ്ങ്യാര്‍കൂത്ത് കലാകാരിയായ ഉഷ നങ്ങ്യാര്‍, സാഹിത്യകാരായ സി.ആര്‍.ദാസ്, ദത്തന്‍ മാസ്റ്റര്‍, അഷ്ടമൂര്‍ത്തി, അരവിന്ദന്‍ വല്ലച്ചിറ, സാങ്കേതിക ഗവേഷണ രംഗത്ത് പ്രമുഖനായ മൂര്‍ക്കത്ത് നന്ദകുമാര്‍ ഹാസ്യസാഹിത്യകാരനായ നന്ദകിഷോര്‍ എന്നിവര്‍ പഞ്ചായത്തില്‍ നിന്നുള്ള പ്രശസ്ത വ്യക്തികളാണ്.

MAP
  • Geography and Map